The Frying-PAN

ആരാണ്‌ അജ്ഞാതയായ ഈ സ്വാതന്ത്ര്യസമരപോരാളി?  ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ സ്വയം ബലിയര്‍പ്പിച്ച ഭര്‍ത്താവിന്റെ ഓര്‍മകളും നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ ഐ.എന്‍.ഐയുടെ വീരചരിതങ്ങളും ഡയറിയില്‍  പകര്‍ത്തിയ ‘മിസിസ്‌ എം’എന്ന കോഡിനുപിന്നില്‍ മറഞ്ഞിരിക്കുന്ന ഇവര്‍ക്ക്‌ മലയാളി ബന്ധമുണ്ടോ?ഇതൊരു ആത്മകഥയോ സാഹിത്യസൃഷ്ടിയോ?കോഴിക്കോട്‌ ദേശപോഷിണി വായനശാലയിലുള്ള ഈ അസാധരണ ഡയറി ഇത്തരം ഒട്ടേറെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം തേടുന്നു.സ്വാതന്ത്ര്യസമരക്കാലത്ത്‌ ഐ.എന്‍.ഐ പോരാളിയായിരുന്ന പാലക്കാട്‌ സ്വദേശി ക്യാപ്‌റ്റന്‍ കൊച്ചുണ്ണിനായര്‍ കാബിനറ്റ്‌ സെക്രട്ടറിയറ്റില്‍ ഉന്നതഉദ്യോഗസ്ഥനും കുടുംബസുഹൃത്തുമായിരുന്ന പി.ഗോവിന്ദമേനോന്‌ കൈമാറിയതാണ്‌ ഈ ഡയറിക്കുറിപ്പ്‌.കൊച്ചുണ്ണിയായരോ ഭാര്യയോ ജീവിച്ചിരുപ്പില്ല. ഇവര്‍ക്ക്‌ മക്കളുമില്ല.ഡയറിയെകുറിച്ച്‌ വിവരം നല്‍കേണ്ടിയിരുന്ന ഗോവിന്ദമേനോനും കാലയവനികക്കുള്ളിലായി.തേടിപ്പോയ പഴയ ഐ.എന്‍.ഐ.പോരാളികള്‍ക്ക്‌ ഓര്‍മകളെ തിരിച്ചുവിളിക്കാനുവുന്നുമില്ല.എങ്കിലും സ്വന്തം ചോരയും മാംസവും ഇന്ത്യയുടെ സ്വാതന്ത്ര്യദാഹത്തിനായി ബലിയര്‍പ്പിച്ചവരുടെ ധീരമായ ഓര്‍മകളും ചരിത്രത്തിന്റെ നാള്‍വഴികളും കാണാതിരിക്കാനാവില്ല. തങ്ങളുടെ പോരാട്ടത്തിന്റേയും ത്യാഗത്തിന്റേയും ത്രസിപ്പിക്കുന്ന ചരിത്രം ബാക്കിയാക്കി എണ്ണമറ്റ പോരാളികള്‍ക്കൊപ്പം പിന്‍വാങ്ങിയ ഇവര്‍ ആരെന്ന്‌ നാം അറിയണം.ഈ അമൂല്യമായ താളുകളില്‍ ഒരുപക്ഷെ അതും മറഞ്ഞിരിക്കുന്നുണ്ടാവാം.

1942 ഫിബ്രവരി ഒന്നുമുതല്‍ 1945 ജൂണ്‍ അഞ്ചുവരെയുള്ള കാലവും അനുഭവവുമാണ്‌ 129 പേജുകളിലായി മിസിസ്‌ എം അടയാളപ്പെടുത്തിയത്‌. അതിദ്രുതം തനിക്കുചുറ്റും അരങ്ങേറുന്ന സംഭവവികാസങ്ങള്‍ രേഖപ്പെടുത്തണമെന്ന തോന്നലില്‍നിന്നാണ്‌ താന്‍ ഡയറി എഴുതാന്‍ തീരുമാനിച്ചതെന്ന്‌ എഴുത്തുകാരി തുടക്കത്തിലേ പരയുന്നുണ്ട്‌.പക്ഷെ,പലപ്പോഴും സാഹചര്യങ്ങള്‍ അതിന്‌ അനുവദിക്കാത്തതില്‍ അവര്‍ പരിതപിക്കുന്നു.മഹായുദ്ധം ലോകം മുഴുവന്‍ പടരുന്ന കാലം.എങ്ങും ജീവന്‍ കയ്യിലെടുത്ത്‌ ജനങ്ങള്‍ പരക്കം പായുന്ന കാഴ്‌ച.പക്ഷെ,എമ്മിന്‌ അങ്ങിനെ ഓടിരക്ഷപ്പെടാനാവില്ല.സ്വാതന്ത്ര്യപോരാളിയായ പങ്കെടുക്കാന്‍ പോയ ഭര്‍ത്താവിനെ കുറിച്ച്‌ ഒരുവിവരവുമില്ല.പി.എവിടെയാണെന്ന്‌ പോലും അറിയില്ല.താനിവിടെ തന്നെ ഉണ്ടാവണം ,എന്നാലെ തിരിച്ചെത്തുമ്പോള്‍ പിക്ക്‌ തന്നെ കണ്ടെത്താനാവൂ.ഒരു പക്ഷെ,അതിനുമുമ്പ്‌ ജപ്പാന്‍ സൈനികര്‍ തന്നെ മാനഭംഗപ്പെടുത്താന്‍ ഒരുങ്ങിയേക്കുമെന്ന ഭയവും എമ്മിനുണ്ട്‌.അങ്ങനെയുണ്ടായാല്‍ ജീവനൊടുക്കാന്‍ സയനേഡും കരുതിയാണ്‌ നടപ്പ്‌.

മുന്നേറ്റങ്ങളുടെ വൃത്താന്തങ്ങളും കഥകളും കേട്ട്‌ ആവേശം കൊണ്ടിരുന്നവര്‍ക്കിടയിലേക്ക് പൊടുന്നനെ തുടരെതുടരെ തിരിച്ചടികളുടെ വര്‍ത്തമാനങ്ങള്‍ മാത്രമെത്തുന്നു.സ്വപ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ച കുമിളകള്‍ പോലെ പൊട്ടിത്തകരുന്നതിനും സാക്ഷിയാകേണ്ടിവരുന്നവരുടെ ഹൃദയവേദന, നൈരാശ്യം, സങ്കടം, മോഹഭംഗം അതത്രമേല്‍ കഠിനമാണെന്നതിന്‌ ഈ ഡയറിത്താളുകള്‍ സാക്ഷി.ജപ്പാനുമായുള്ള അനാക്രമണകരാറില്‍നിന്ന്‌ സോവിയറ്റ്‌ യൂണിയന്‍ പിന്‍മാറിയതോടെ അതിര്‍ത്തിക്കപ്പുറത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടത്തിനും തിരശ്ശീല വീണു.
ഐ.എന്‍.എയിലെ സൈനികരേയും ഝാന്‍സിറാണി റെജിമെന്റിലെ വനിതാപോരാളികളേയും വിട്ട്‌ നേതാജി കിഴക്കനേഷ്യയില്‍നിന്നും യാത്രയായി.മുഴുവന്‍ സ്‌ത്രീകളും അവിടം വിട്ടശേഷമേ താന്‍ പുറപ്പെടൂവെന്ന്‌ നേതാജി ശഠിച്ചു.എങ്കിലും എം അവിടെത്തനെ തുടരാന്‍ തീരുമാനിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു.യുദ്ധമുന്നണിയില്‍നിന്നും വരുന്ന പ്രിയതമനേയും കാത്തിരിക്കുകയായിരുന്നു അവര്‍.പക്ഷെ,…മരണവാര്‍ത്തയാണ്‌ അവരെ തേടിയെത്തുന്നത്‌.ശത്രുക്കളുടെ ആയുധകൂമ്പാരത്തിന്‌ അതിസാഹസികമായി തീകൊളുത്തുന്നതിനിടെ മാരകമായി പൊള്ളലേറ്റ പി മരിച്ച വാര്‍ത്തയറിഞ്ഞ്‌ ഹൃദയം തകര്‍ന്ന എം തന്റെ ഡയറി ധഅപൂര്‍ണ്ണമാക്കുന്നു.

സ്‌ഫോടനത്തില്‍ ഇടതുകൈ തകര്‍ന്ന്‌ ദേഹാസകലം പൊള്ളലേറ്റ്‌ മരണം കാത്തുകിടന്ന പി പ്രിയതമക്കായി ഇങ്ങിനെയൊരു സന്ദേശം പറഞ്ഞയച്ചിരുന്നു.”എന്റെ ധീരയായ ഭാര്യയോട്‌ പറയണം,ഞാനൊരു വീരനായകനായാണ്‌ മരണം വരിച്ചതെന്ന്‌.എന്റെ മാതൃരാജ്യം ഇന്നെന്നെ വിളിച്ചു.ഞാവള്‍ക്കെന്റെ രക്തം നല്‍കി.അവള്‍ക്കുവേണ്ടിയുള്ള എന്റെ പങ്ക്‌ പൂര്‍ത്തിയായി”

വാഴ്‌ത്തപ്പെട്ട ചരിത്രങ്ങളിലോ ഐതിഹ്യങ്ങളിലോ എവിടേയും ഇവരുടെ ചോരയും വിയര്‍പ്പും സഹനവുമൊന്നും രേഖപ്പെടുത്തിയിട്ടുണ്ടാവില്ല.എങ്കിലും ആ വീരചരിതം ഓര്‍മപ്പെടുത്താന്‍ ഇനി വക്കുകളില്‍ ചോര പൊടിയുന്ന ഈ താളുകള്‍ ഇവിടെയുണ്ടാവും.

ഡയറികുറിപ്പിന്റെ പൂര്‍ണരൂപം . Read More..